മാവേലി സ്പീക്കിങ്
രാജൻ കിണറ്റിങ്കര - ഞാൻ വന്നതിന് ശേഷം സ്റ്റേജിൽ കയറി പാതാളത്തിൽ നിന്ന് മിത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ പിന്നെ ഞാനവിടെ നിക്കില്ല.
രാജൻ കിണറ്റിങ്കര
.......................................................................................
ഹലോ ഞാൻ മഹാബലിയാണ്
ഹാ പറയൂ തിരുമേനി, എന്താ വിളിച്ചത് ?
ഞാൻ പറയുന്നത് കേൾക്കാമോ? ഇവിടെ റേഞ്ചിന് പ്രശ്നമുണ്ട്.
കേൾക്കാം , തിരുമേനി പറയൂ. പാതാളത്തിന്റെ വാതിൽ തുറന്നിടൂ . സിഗ്നൽ കിട്ടും.
ഞാനിത്തവണ അങ്ങോട്ട് വരണോ എന്നറിയാനാ വിളിച്ചത്
അതെന്താ ഒരു സന്ദേഹം, മഹാമാരികാലത്ത് പോലും മുടക്കാത്തതല്ലേ.
ഞാൻ വന്നതിന് ശേഷം സ്റ്റേജിൽ കയറി പാതാളത്തിൽ നിന്ന് മിത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ പിന്നെ ഞാനവിടെ നിക്കില്ല.
അയ്യോ, ഞങ്ങൾക്ക് താങ്കൾ എന്നും പഴയ ചക്രവർത്തി തന്നെയായിരിക്കും.
ഉറപ്പാണല്ലോ.. നാഴികക്ക് നാൽപത് വട്ടം നിറം മാറുന്ന ജാതിയാ നിങ്ങൾ.
തിരുമേനിയും മിത്തായാൽ പിന്നെ ഞങ്ങൾക്ക് സന്തോഷിക്കാനും ആഘോഷിക്കാനും പിന്നെന്താ ഉള്ളത് ?
ആട്ടെ, ഇത്തവണ ആഘോഷങ്ങൾ ഒക്കെ എങ്ങനെ?
മോശമാവാൻ വഴിയില്ല . കുറെ ഔട്ട് ലെറ്റുകൾ പുതിയതായി തുറന്നിട്ടുണ്ട്.
നന്നായി.. പഴവും പായസവുമൊക്കെ കിട്ടുമായിരിക്കും അവിടെ. ല്ലേ !
അയ്യോ, മദ്യഷാപ്പിന്റെ ഔട്ട്ലറ്റിന്റെ കാര്യാ പറഞ്ഞത്. സാമ്പാറും അവിയലും കൂട്ടി ഞങ്ങൾ ഒന്നും ആഘോഷിക്കാറില്ലന്ന് തിരുമേനിക്കറിഞ്ഞൂടെ.
പോലീസ് ചെക്കിങ് ഒക്കെ ഉണ്ടാകുമോ വഴികളിൽ
ഇല്ല, പോലീസുകാർ അധികവും മന്ത്രിമാരുടെ ഡ്യൂട്ടിയിലാ.. ബാക്കി പീഡനക്കേസും കത്തിക്കുത്തും അന്വേഷിക്കാണ്.
കഴിഞ്ഞ തവണ ആധാർ കാർഡിൽ കിരീടമില്ലാന്ന് പറഞ്ഞ് വല്ലാത്ത പുകിലുണ്ടാക്കി പോലീസുകാർ
അതെന്താ കിരീടം വക്കാത്തത് ?
എടോ, ഞാൻ പാതാളത്തിൽ രാജാവൊന്നും അല്ല... എന്റെ ആധാർ ഇഷ്യു ചെയ്തത് പാതാളത്തിലെ അഡ്രസിലാണ്
തെരുവുനായ്ക്കളുടെ ശല്യമുണ്ടോ . കൈയിൽ ഒരു വടി കരുതണോ ?
പട്ടി കടിക്കാൻ വരുമ്പോൾ മെയിൻ റോഡിലൂടെ ഓടിയാൽ മതി.
അതെന്താ ?
നായ്ക്കൾക്ക് വെളളം അത്ര പിടിക്കില്ല. മെയിൻ റോഡാകുമ്പോൾ കുണ്ടിലും കുഴിയിലും വെള്ളം കെട്ടി കിടക്കുന്നുണ്ടാവും.
ഓണത്തിന് സാധനങ്ങൾക്കൊക്കെ തീ പിടിച്ച വിലയാന്ന് കേട്ടു.
വിലക്കുറവ് പ്രജകളുടെ ജീവന് മാത്രമേ ഉള്ളു.
അല്ല, ഇത്തവണ ഓണക്കിറ്റ് കിട്ടില്ലേ എല്ലാ വീടുകളിലും.
അത് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അതെന്ത് പറ്റി ?
അതൊരു മിത്ത് ആയോ സംശയം.





